പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ ബസിന് പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ പിഴയിട്ടു. 3,000 രൂപ പിഴയും കോൺട്രാക്ട് കരിയേജ് നിരക്കിൽ അധിക നികുതിയായി 11,700 രൂപയും ഈടാക്കി.
യൂത്ത് കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എസ്. സുനന്ദ് നൽകിയ പരാതിയിലാണ് നടപടി. എ.എം.വി.ഐമാരായ നൂർ മുഹമ്മദ്, ഷാൻ എസ്. നാഥ് എന്നിവർ നടത്തിയ അന്വേഷണത്തിൽ ബസ് പാർട്ടി പരിപാടിക്ക് ഉപയോഗിച്ചത് സ്ഥിരീകരിച്ചിരുന്നു. യാത്രയുടെ പേരാമ്പ്രയിലെ സ്വീകരണത്തിലാണ് മുതുകാട് നിന്ന് പാർട്ടി പ്രവർത്തകർ സ്കൂൾ ബസിൽ വന്നത്.
32-ാം ബൂത്ത് കമ്മിറ്റിയാണ് സ്കൂൾ ബസിൽ പരിപാടിക്ക് എത്തിയത്. പരിപാടിയുടെ ബാനർ കെട്ടിയ സ്കൂൾ ബസിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫെബ്രുവരി 24 ന് വൈകിട്ടാണ് പേരാമ്പ്രയിൽ സ്വീകരണം നടന്നത്. അന്ന് വൈകീട്ട് സ്കൂൾ വിദ്യാർഥികളെ വീട്ടിൽ കൊണ്ടുപോകാതെയാണ് പാർട്ടി പരിപാടിക്ക് ബസ് ഉപയോഗിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
പി.ടി.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി സ്വകാര്യ ബസ് വാടകക്ക് എടുത്താണ് സ്കൂളിന് വേണ്ടി സർവിസ് നടത്തുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. 100 ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിലുളളത്. ഇവരെ കൊണ്ടുപോകുന്നതു കൊണ്ടുമാത്രം വാടകക്ക് എടുത്ത് ബസ് നിലനിർത്താൻ കഴിയില്ല. അതുകൊണ്ട് വാടകക്ക് പാർട്ടി പരിപാടികൾക്ക് ഉൾപ്പെടെ ബസ് പോകാറുണ്ടെന്നാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അന്ന് വിശദീകരിച്ചത്.