എകരൂൽ: സംസ്ഥാനത്ത് പാലങ്ങളുടെ അടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വയോജന പാർക്കുകൾ നിർമിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ എകരൂൽ – എസ്റ്റേറ്റ് മുക്ക് – കക്കയം റോഡിൽ പുതുതായി നിർമിച്ച തെച്ചിപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പാലങ്ങൾക്കടിയിൽ കളിസ്ഥലം നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം സാമൂഹികവിരുദ്ധർ താവളമാക്കുകയാണ്. ഇത്തരം സ്ഥലങ്ങൾ കുട്ടികൾക്കുള്ള പാർക്കുകൾ, ഇൻറർനെറ്റ് സംവിധാനമുപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന, പുതുതലമുറക്ക് വേണ്ടി സ്വസ്ഥമായിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം എന്നിവ സജ്ജീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. നദികൾക്കു കുറുകെയുള്ള പാലങ്ങൾ വിദേശ മാതൃകയിൽ രാത്രി ദീപാലംകൃതമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2024 ഡിസംബറിന് മുമ്പ് തിരഞ്ഞെടുക്കപ്പെട്ട നൂറ് പാലങ്ങളിൽ ഇത്തരം ദീപാലംകൃത സംവിധാനങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ മാറ്റുമ്പോൾ അതും ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ ആകെയുള്ള 270 കി.മീറ്റർ നീളമുള്ള 42 റോഡുകളിൽ 85 കി.മീറ്ററും ഗുണമേന്മയുള്ള ബി.എം ആൻഡ് ബി.സി റോഡുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ്, പനങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണൻ, ബാലുശ്ശേരി ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൻ എം.കെ. വനജ, ജില്ല പഞ്ചായത്ത് മെംബർമാരായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, ഉണ്ണികുളം പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ കെ.കെ. അബ്ദുല്ല മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ബിച്ചു ചിറക്കൽ, വാർഡ് അംഗം സീനത്ത് പള്ളിയാലിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ. നാസർ, കെ.കെ. പ്രദീപൻ, കെ. ഉസ്മാൻ, ബബീഷ് ഉണ്ണികുളം, ഇ.പി. അബ്ദുറഹ്മാൻ, വി. കബീർ, സുരേന്ദ്രൻ, ടി.കെ. ഷമീർ എന്നിവർ സംസാരിച്ചു. പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി.കെ. രമ സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.വി. ഷിനി നന്ദിയും പറഞ്ഞു.