കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപരമ്പരയിൽ റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷിയുടെ കൂടി വിസ്താരം പൂർത്തിയായി. ഇതോടെ കേസിൽ മൊത്തം മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായി. അയൽക്കാരനായ ആറാം സാക്ഷി കൂടത്തായി അന്താനത്ത് എൻ.പി. മുഹമ്മദ് എന്ന ബാവയുടെ വിസ്താരമാണ് ചൊവ്വാഴ്ച മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായത്. എന്നാൽ, ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ ചൊവ്വാഴ്ചയും എതിർവിസ്താരം നടത്തിയില്ല.
വിചാരണ ‘ഇൻ കാമറ’യായി നടത്തുന്നതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തീരുമാനമായിട്ടുമതി വിസ്താരമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നൽകിയതായി രേഖപ്പെടുത്തി കോടതി നടപടികൾ തുടരുകയായിരുന്നു. റോയി തോമസടക്കമുള്ളവരെ കൂട്ടക്കൊല നടത്തിയ കാര്യം ഒന്നാം പ്രതി ജോളി തന്നോട് പറഞ്ഞതായി ബാവ മൊഴിനൽകി. ജോളിയുടെ വീട്ടിൽ രണ്ടാം പ്രതി എം.എസ്. മാത്യു രാത്രികാലങ്ങളിലടക്കം സ്ഥിരം സന്ദർശകനാണ്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് ജോളി പരിഭ്രാന്തയായി താൻ നടത്തിയ കൊലപാതകങ്ങളെല്ലാം മുറിയിലേക്ക് വിളിച്ച് തന്നോട് ഏറ്റുപറഞ്ഞു. ചെറുപ്പം മുതലേ പൊന്നമറ്റം തറവാടുമായി അടുത്ത ബന്ധമുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ സാക്ഷി ബാവ മൊഴിനൽകി.
എന്നാൽ, മരിച്ച റോയ് തോമസിനൊപ്പം കാസറ്റ്ഷോപ് നടത്തിയതുമായി ബന്ധപ്പെട്ട് സാക്ഷിയെ പൊന്നമറ്റം വീട്ടിൽ വരുന്നത് വിലക്കിയതാണെന്നും മൊഴി വിശ്വാസ്യതയില്ലാത്തതാണെന്നുമുള്ള വാദങ്ങളിലൂന്നിയാണ് രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ അഭിഭാഷകൻ അഡ്വ. ഷഹീർ സിങ് എതിർവിസ്താരം നടത്തിയത്. 2011ൽ റോയ് തോമസ് മരിച്ചതാണെങ്കിലും 2019വരെ മരണവുമായി ബന്ധപ്പെട്ട ഒരുകാര്യവും സാക്ഷി ആരോടും പറഞ്ഞില്ല. ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോൾ മാത്രമാണ് പറയുന്നത്. കൊലനടന്ന വീട്ടിൽ സാക്ഷി സി.സി.ടി.വി പോലെ എല്ലാം നോക്കിയിരുന്നവിധം മൊഴിനൽകുന്നത് വിശ്വസനീയമല്ല.
റോയ് തോമസ് ബാത്ത്റൂമിൽ കുഴഞ്ഞുവീണുകിടന്നപ്പോൾ വാതിൽ പൊളിച്ച് ആശുപത്രിയിൽ എത്തിച്ചവരിൽ ഒരാൾ താനാണെന്നും ബാവ മൊഴിനൽകി. ബാത്ത്റൂമിൽ നിന്നെടുക്കുമ്പോൾ റോയ് വെള്ളം ചോദിച്ചതായി അന്നത്തെ എഫ്.ഐ.ആറിലുള്ള കാര്യവും പ്രതിഭാഗം ഉന്നയിച്ചു. അന്ന് ആത്മഹത്യയാണെന്ന് സാക്ഷിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അതാണ് സംശയം പ്രകടിപ്പിക്കാതിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. ജോളിയുടെ സഹോദരൻ ഒമ്പതാം സാക്ഷി സി.ജെ. ജോർജ് എന്ന ജോസടക്കം നാലു സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കാനാണ് തീരുമാനം.