മുക്കം: ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിൻവലിച്ചതോടെ മുക്കം പൊലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു. അഞ്ചു കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന, സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാമായിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ നിലച്ചത്. കെട്ടിട നിർമാണത്തിനായി ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന 1.98 കോടി രൂപ, കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പിൻവലിച്ചതാണ് തിരിച്ചടിയായത്.
ആഭ്യന്തര വകുപ്പ് അനുവദിച്ച തുകയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടേകാൽ കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് അഞ്ചുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതും പ്രവൃത്തി ഉദ്ഘാടനം നടത്തിയതും. പക്ഷേ, സാമ്പത്തിക സ്ഥിതി മോശമായതോടെ ആഭ്യന്തര വകുപ്പ് അനുവദിച്ച തുക പിൻവലിക്കുകയായിരുന്നു. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞതിനാൽ, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നനുവദിച്ച തുക ഉപയോഗിച്ച് കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തു. ഈ തുക കഴിഞ്ഞതോടെയാണ് പ്രവൃത്തി നിർത്തിവെച്ചത്.
നിലവിലെ കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരമാണ്. സീലിങ് അടർന്നുവീഴുന്നത് പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് പൊലീസുകാരും പല ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരും രക്ഷപ്പെടുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യനിലയിൽ മൂന്ന് ലോക്കപ്പുകളും സ്റ്റേഷൻ ഓഫിസർക്കുള്ള മുറിയുമാണുള്ളത്. ഒന്നും രണ്ടും നിലകൾക്ക് മേൽക്കൂര നിർമിച്ച് മേൽക്കൂരയിൽ മൺ ടൈലുകൾ പാകാനും മുകളിലെ നിലയിൽ ഡിവൈ.എസ്.പി, ഇൻസ്പെക്ടർ, എസ്.ഐ എന്നിവർക്കുള്ള ഓഫിസ് മുറി, വനിത പൊലീസുകാർക്കുള്ള മുറി, കമ്പ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവ നിർമിക്കാനുമായിരുന്നു പദ്ധതി. പടവും കോൺക്രീറ്റും തേപ്പും കഴിഞ്ഞപ്പോഴേക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നനുവദിച്ച തുക കഴിഞ്ഞു. വയറിങ്, പെയിന്റിങ്, ടൈൽസ് വിരിക്കൽ, മിനുക്കുപണികൾ തുടങ്ങി രണ്ടു കോടിയോളം രൂപയുടെ പ്രവൃത്തി ഇനിയുമുണ്ട്.
2017ലെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് രണ്ടേകാൽ കോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ വന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. പുതുതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ മൂന്ന് ലോക്കപ്പുകൾ വേണമെന്ന സുപ്രീംകോടതി നിർദേശമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ലോക്കപ്പുകൾ വേണമെന്നായിരുന്നു പുതിയ മാർഗനിർദേശം. ഇതനുസരിച്ച് പ്ലാൻ മാറ്റിവരച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിക്കാതെ തൊട്ടുപിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക.