കുന്ദമംഗലം: ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് 37 പേർക്ക് പരിക്ക്. നരിക്കുനിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് 1.35നാണ് അപകടം. നരിക്കുനി -കോഴിക്കോട് റൂട്ടിൽ ഓടുന്ന റോയൽ ബസാണ് അപകടത്തിൽപെട്ടത്. റോഡിലെ ഇറക്കത്തിൽ ബസ് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതി (53 -പടനിലം), ആധിരഥ് (19- പുന്നശ്ശേരി), ആദം (13 -മുറിയനാൽ), ജിനിഷ (50 -മുട്ടാഞ്ചേരി), ശശികുമാർ (53 -സി.എം മഖാം), ഹനാന (19 -മൂഴിക്കര), ഫെൽസ (14 -കുന്ദമംഗലം), കുഞ്ഞാലി (62 -പതിമംഗലം), ഷീന (44 -പതിമംഗലം), ശിവന്യ (20 -നരിക്കുനി), രവീന്ദ്രൻ (63 -പതിമംഗലം), റഷീദ (46 -നരിക്കുനി), ജസീന (39 -കൊടുവള്ളി), റജീല (54 -കണ്ണിപ്പറമ്പ്), സുധീഷ് (35- ചൂലൂർ), സഫീറ (38 -പുന്നശ്ശേരി), മുഹമ്മദ് (65 -പള്ളിത്താഴം), സഹാന ഹൈമ (18-കൂടരഞ്ഞി), അജാസ് (14 -മുറിയനാൽ), ഹംസ (67 -നുറാംതോട്), മുഹമ്മദ് ജറീസ് (33 -കണ്ടക്ടർ), കാർത്തി (60), ഷഹാന (18), പുഷ്പ (48), നഹാന (19 -പെരുമണ്ണ), ആതിര (23 -കോവൂർ), ഷെറിൻ (19 -കാരന്തൂർ), ജസ്ന (39 -നായർകുഴി), നിഹ (15 -പത്താംമയിൽ), ആമിന (64 -രാംപൊയിൽ), അബ്ദുൽ ഹഖ് (19 -മാങ്കാവ്), ബാലൻ നായർ (72 -മെഡിക്കൽ കോളജ്), സുഗീഷ് (35), ബീന (40 -പുന്നശ്ശേരി), അഫ്ജഹാൻ (13) എന്നിവരെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും കൊടുവള്ളി സ്വദേശി നാലുവയസ്സുകാരി ആയിശയെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഇതേ മരത്തിൽ ലോറി ഇടിച്ച് അപകടം സംഭവിച്ചത്. രാത്രിയിലായതിനാൽ അന്ന് ആളപായമില്ലായിരുന്നു. തിരക്കേറിയ ദേശീയപാതയിൽ ഇറക്കത്തിലുള്ള പന്തീർപാടം നാലുഭാഗത്തേക്കും റോഡുള്ള അങ്ങാടിയാണ്. ഇറക്കമായതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കാറുള്ളത്. സ്ഥിരം അപകട മേഖലയായ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.