
വടകര: മന്തരത്തൂരിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കർഷകന്റെ 75ഓളം നേന്ത്രവാഴകൾ നശിപ്പിച്ചു. തിരുവള്ളൂർ ബാവുപ്പാറ സ്വദേശി ഇല്ലത്ത് മീത്തൽ സുരേഷ് ബാബുവിന്റെ വാഴകളാണ് നശിപ്പിച്ചത്. മന്തരത്തൂർ കുടിയംവെള്ളി കുഞ്ഞമ്മതിന്റെ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത വാഴകളാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. കുലച്ചതും കുലക്കാത്തതുമായ വാഴകൾ നശിപ്പിച്ചതിൽ ഉൾപ്പെടും. വാഴകൾ പിഴുതും ഒടിച്ചുമാണ് നശിപ്പിച്ചത്. സുരേഷ് ബാബുവിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സാമൂഹിക വിരുദ്ധർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം മന്തരത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.