കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 25ന് കുന്ദമംഗലത്ത് തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. പ്രവൃത്തി പരിചയമേള കുന്ദമംഗലം എച്ച്.എസ്.എസിലും എ.യു.പി.എസിലും ഗണിതശാസ്ത്ര മേള മർക്കസ് ഗേൾസിലും സാമൂഹിക ശാസ്ത്രമേള മർക്കസ് ബോയ്സിലും ശാസ്ത്രമേള മർക്കസ് ഗേൾസിലും ഐ.ടി മേള, വി.എച്ച്.എസ്.ഇ വെക്കേഷനൽ എക്സ്പോ, കരിയർ ഫെയർ എന്നിവ കുന്ദമംഗലം എച്ച്.എസ്.എസിലും നടക്കും. മേളയുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ കുന്ദമംഗലം എച്ച്.എസ്.എസിൽ നടക്കും. ഭക്ഷണം കുന്ദമംഗലം എച്ച്.എസ്.എസിലാണ് ഒരുക്കിയത്.
വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനറായ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, മീഡിയ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ പി.പി. ഫിറോസ്, കൺവീനർ പി. അബ്ദുൽ ജലീൽ, കോ-കൺവീനർ എം.എ. സാജിദ്, എക്സ്പോ കൺവീനർമാരായ സജിത്ത്, പി. ജാഫർ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ കോഓഡിനേറ്റർ സക്കരിയ എളേറ്റിൽ, ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.