പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡും ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലം അടിത്തറ തകർന്ന് അപകടാവസ്ഥയിൽ. 1990-91 വർഷത്തെ ജെ.ആർ.വൈ പദ്ധതി വഴി 16,000 രൂപയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതു ഫണ്ടും യുവജന ശ്രമദാനവും ഉപയോഗിച്ചാണ് പാലം നിർമാണം പൂർത്തീകരിച്ചത്.
നിർമാണ പ്രവൃത്തിക്ക് മണ്ണ് പരിശോധനയോ പില്ലർ നിർമാണത്തിന് പൈലിങ്ങോ നടത്തിയിരുന്നില്ല.
കടിയങ്ങാട് പുല്ല്യോട്ട് റോഡിൽ വയലിന് മധ്യത്തിലുള്ള ഈ പാലം തകർന്നാൽ ഗതാഗതം നിലക്കും. മഴക്കാലത്ത് പാലത്തിനടിയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിലും ബലക്ഷയത്തിന് കാരണമായി.
ജില്ല ബ്ലോക്ക് അംഗങ്ങൾ ഇടപെട്ട് റോഡിന്റെയും പാലത്തിന്റെയും പുനർനിർമാണം നടത്തണമെന്നാണ് പുല്ല്യോട്ട് മുക്ക് ജനകീയ കൂട്ടായ്മയുടെ ആവശ്യം.
സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അധികൃതർ ഇനിയും അവഗണന തുടർന്നാൽ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.