കുറ്റിക്കാട്ടൂർ: ആനക്കുഴിക്കരയിൽ അർധരാത്രിയിൽ വൻ തീപിടിത്തം. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ആനക്കുഴിക്കര ഹമ്പിനുസമീപമുള്ള കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി 11ഓടെ തീ പടർന്നത്.
വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം, നരിക്കുനി, ബീച്ച് എന്നീ അഗ്നിരക്ഷനിലയങ്ങളിൽനിന്നുള്ള ഏഴു യൂനിറ്റുകൾ പുലർച്ചയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടർന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.
സമീപപ്രദേശങ്ങളിലേക്ക് തീപടരാതിരിക്കാൻ നാട്ടുകാരും പരിസരവാസികളും ഏറെ പ്രയത്നിച്ചിരുന്നു. പരിസരത്ത് വ്യാപകമായി പുകപടലങ്ങളും നിറഞ്ഞു. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിവരം.