നാദാപുരം: മഞ്ഞപ്പിത്തം പടർന്ന് കായലോട്ട് താഴയിലെ കൊടുവള്ളി നിധീഷ് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്നു പരാതി. മരിച്ച വീട്ടിലെ കിണർ വെള്ളം പരിശോധനക്ക് 900 രൂപയാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതെന്നാണ് പ്രധാന ആരോപണം.
രോഗം പടർന്നതിനാൽ പ്രദേശത്തുകാർക്ക് ജോലിക്കുപോകാനാവാത്ത സാഹചര്യമാണ്. പലർക്കും പണം കൊടുത്ത് പരിശോധന നടത്താൻ സാധിച്ചില്ല. ഫെബ്രുവരി രണ്ടാംവാരം ആദ്യകേസ് റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയുമുണ്ടായില്ല. സമീപത്തുള്ള കുറുവന്തേരി ആരോഗ്യ ഉപകേന്ദ്രത്തിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാൻ ഇക്കാലയളവിൽ തയാറായില്ല.
കിണറുകളിൽ തളിക്കാൻ ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്യുകയാണ് ആരോഗ്യ വകുപ്പ് ഇതുവരെ ചെയ്തത്. ബോധവത്കരണ പ്രവർത്തനവും ഊർജിതമാക്കിയിട്ടില്ല. ഈ പ്രദേശത്തുവന്ന കണ്ണൂർ ജില്ലയിലെ ചെറുപ്പറമ്പ് സ്വദേശിയായ യുവാവും ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചതായി നാട്ടുകാർ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 28 പേരാണ് ചികിത്സ തേടിയതെങ്കിലും യഥാർഥ കണക്ക് ഇതിലുമേറെയാണ്. ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്ത രോഗം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
രണ്ട് ജില്ലകളിലായി രണ്ടു യുവാക്കൾ മരിച്ചിട്ടും ആരോഗ്യവകുപ്പ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ആരോപിച്ചു. നാദാപുരത്തെ താലൂക്ക് ആശുപത്രിയിലും പാറക്കടവ് ഫാമിലി ഹെൽത്ത് സെന്ററിലും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.