നാദാപുരം: കോഴിക്കോട്, കണ്ണൂർ ജില്ല അതിർത്തികളിൽ ആയുധങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. സി.ആർ.പി.എഫ്, കേരള പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
പാനൂർ കുന്നോത്ത്പറമ്പിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയത്. ആക്രമികൾ സമീപപ്രദേശമായ കോഴിക്കോട് ജില്ലയുടെ ആളൊഴിഞ്ഞ ഭാഗങ്ങളിലേക്ക് ആയുധങ്ങൾ മാറ്റാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വളയം, നാദാപുരം സി.ഐമാർ ഉൾപ്പെടെ നിരവധി പൊലീസുകാർ പരിശോധനയിൽ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധന തുടരും.