വടകര: വെള്ളറാട്ട് മലയിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് ഏക്കറോളം സ്ഥലം കത്തിനശിച്ചു. മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മലയിൽ വിദ്യ പ്രകാശ് പബ്ലിക് സ്കൂൾ സ്ഥിതിചെയ്യുന്ന മലയുടെ മൂന്ന് ഭാഗങ്ങളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടും അക്കേഷ്യ മരങ്ങളും മുറിച്ചിട്ട ഉണങ്ങിയ മരങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 11നാണ് ആദ്യ തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് മറ്റ് സ്ഥലങ്ങളിലേക്കും പടരുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടു ദിവസങ്ങളിലായി അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീയണച്ചത്. വെള്ളിയാഴ്ച രാവിലെ മലയിലെ മണിയൂർ പഞ്ചായത്തിനോടുചേർന്ന ഭാഗത്താണ് ആദ്യ തീപിടിത്തം ഉണ്ടായത്. പിന്നീട് തിരുവള്ളൂർ പഞ്ചായത്ത് പരിധിയിലെ മലയിലേക്ക് വ്യാപിച്ചു.
മലയോരത്ത് വിദ്യാപ്രകാശ് പബ്ലിക് സ്കൂൾ മാത്രമാണ് പ്രവർത്തിക്കുന്നത്. വീടുകളും മറ്റുമില്ലാത്തതിനാൽ അപകടം ഒഴിവായി. ജില്ല ഫയർ ഓഫിസറുടെ നിർദേശപ്രകാരം പേരാമ്പ്രയിലെയും വടകരയിലെയും അഗ്നിരക്ഷാ യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. അഷറഫ്, കെ.കെ. ബിജുള തുടങ്ങിയവർ അഗ്നിബാധ പ്രദേശങ്ങൾ സന്ദർശിച്ചു.