ഓമശ്ശേരി: പഞ്ചായത്ത് ലേണിങ് സെന്റർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ നിർവഹിച്ചു.സംസ്ഥാനത്ത് 70 പഞ്ചായത്തുകളെയാണ് ലേണിങ് സെന്ററായി പ്രഖ്യാപിച്ചത്. ജില്ലയിൽ ഓമശ്ശേരി ഉൾപ്പെടെ ആറു പഞ്ചായത്തുകളാണ് പി.എൽ. സി. സെന്ററായി തിരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതവും പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. കരുണാകരൻ മാസ്റ്റർ, സീനത്ത് തട്ടാഞ്ചേരി, മുൻ പ്രസിഡന്റ് പി. അബ്ദുൽ നാസർ, സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, പഞ്ചായത്തംഗങ്ങളായ എം. ഷീജ ബാബു, എം.എം. രാധാമണി, കെ.പി. രജിത, സി.എ. ആയിഷ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വൽസല കുമാരി, വൈസ് പ്രസിഡന്റ് ബിനേഷ് എന്നിവർ സംസാരിച്ചു.
ദ്വിദിന പരിശീലന-സന്ദർശന പരിപാടികൾക്ക് ആദ്യ സംഘത്തിലെത്തിയത് കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ ജന പ്രതിനിധികളും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ-കിലയുടെ റിസോഴ്സ് പേഴ്സൻസുമാണ്.
‘ഫാം ടൂറിസം സാധ്യതകളും; വെല്ലുവിളികളും’ സെഷനിൽ ഇൻഫാം വെസ്റ്റേൺ ഗട്ട് ട്രോപിക്കൽ ഗാർഡൻ ഫൗണ്ടർ വില്യംസ് മാത്യു കാപ്പാട്ടുമല, റൊയാഡ് ഫാം ഹൗസ് മാനേജിങ് ഡയറക്ടർ അഷ്റഫ് കാക്കാട്ട് എന്നിവർ സംവദിച്ചു.
ആദ്യ ദിനത്തിൽ പഞ്ചായത്തിലെ സ്റ്റാഫ്, ഹരിതകർമസേന, കുടുംബശ്രീ എന്നിവരുമായുള്ള മുഖാമുഖം നടന്നു. ‘പ്രതിഭയോടൊപ്പം ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു. രണ്ടാം ദിനത്തിൽ ഫാം ഹൗസിലേക്ക് പ്രഭാത നടത്തം, യോഗ, കൊയ്ത്തുത്സവം, ഫാം ഹൗസുകൾ സന്ദർശനം എന്നിവ നടന്നു. വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരി സന്ദർശനത്തോടെയാണ് ദ്വിദിന പരിശീലന-സന്ദർശന പരിപാടികൾക്ക് സമാപനം കുറിച്ചത്.