
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ ‘കറുപ്പ് വിലക്ക്’. ചടങ്ങിനെത്തുന്നവർ കറുത്തവസ്ത്രവും കറുത്ത മാസ്കും ധരിക്കരുതെന്ന നിർദേശം പാലിക്കണമെന്ന് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ വിദ്യാർഥികളെ മുൻകൂട്ടി അറിയിച്ചിരുന്നു.
രാവിലെ 10നാണ് പരിപാടി ആരംഭിക്കുകയെങ്കിലും ഒമ്പതരക്ക് മുമ്പായി ഹാളിലെത്തണമെന്നും അറിയിച്ചു. ‘കറുപ്പ് വിലക്ക്’ വാർത്തയായതോടെ, മുഖ്യമന്ത്രിയുടെ ചടങ്ങിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോളജിൽ ചേർന്ന യോഗത്തിൽ പൊലീസാണ് ഇങ്ങനെയൊരു നിർദേശം നൽകാൻ ആവശ്യപ്പെട്ടതെന്ന് കോളജ് അധികൃതർ വിശദീകരിച്ചു. പൊലീസ് പറഞ്ഞ കാര്യം വിദ്യാർഥികളെ അറിയിക്കുകമാത്രമാണ് ചെയ്തത്. ഇതിന്റെ പേരിൽ ആരെയും വിലക്കിയിട്ടില്ല എന്നും അവർ വ്യക്തമാക്കി.
കറുപ്പിന് വിലക്കേർപ്പെടുത്തിയകാര്യം മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് ഇത്തരത്തിലൊരു പരിശോധന നടത്തിയില്ല. ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനത്തിനും സ്വകാര്യചടങ്ങുകൾക്കുമായി ഞായറാഴ്ച രാവിലെയെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് നാനൂറോളം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചത്. വെസ്റ്റ്ഹിൽ ചുങ്കം ഭാഗത്ത് റോഡിൽ നിന്ന കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, എലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. രാഗിൽ എന്നിവരെ നടക്കാവ് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. രാത്രി യുവമോർച്ച പ്രവർത്തകർ സർക്കാർ ഗസ്റ്റ്ഹൗസിന് മുന്നിലും കാരപ്പറമ്പിലും കരിങ്കൊടി കാണിച്ചു.
ഈസ്റ്റ്ഹില്ലിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ച കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, വൈസ് പ്രസിഡന്റ് അർജുൻ പൂനത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു. എരഞ്ഞിപ്പാലത്ത് കരിങ്കൊടി കാണിച്ച ജില്ല സെക്രട്ടറി സനൂജ് കുരുവട്ടൂർ, ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റനീഫ് മുണ്ടിയത്ത്, കോഴിക്കോട് നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എൻ.പി. റാഫി എന്നിവരെയും വെസ്റ്റ്ഹിൽ ഗെസ്റ്റ് ഹൗസിന് സമീപത്ത് കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ല കമ്മിറ്റിയംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് സബിൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.