പന്തീരാങ്കാവ്: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു വരുകയായിരുന്ന ഉമ്മയുടെയും മകളുടെയും മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെറിയാടൻ മൻസൂറിനെയാണ് (36) മൂന്നുമാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ എറണാകുളത്ത് പിടികൂടിയത്.
ആശുപത്രിയിൽ നിന്ന് വരുമ്പോൾ പൊക്കുന്നുവെച്ചാണ് പുത്തൂർമഠം സ്വദേശിനിയായ സ്ത്രീയുടെയും മകളുടെയും മൊബൈൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് നഷ്ടപ്പെട്ടത്. നിരന്തരമായി മൊബൈൽ നമ്പറുകൾ മാറ്റുന്ന പ്രതിയെ ഏറെ നാളത്തെ നിരീക്ഷണങ്ങൾക്കുശേഷമാണ് പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
എടക്കര, ചെർപ്പുളശ്ശേരി, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ ഇയാൾക്കെതിരെ വഞ്ചനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നര വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് പുതിയ കേസിൽ ഇയാൾ പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീ പേരുകളിലൂടെ ആളുകളുമായി ബന്ധം പുലർത്തി തട്ടിപ്പിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
പാർവതി എന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിയായ വ്യവസായിയിൽനിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസുണ്ട്. മിസ്ബ എന്ന പേരിലും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജയിലിൽ തടവുകാരനായിരിക്കെ സഹതടവുകാരനോട് പെട്ടെന്ന് ജാമ്യം ലഭിക്കാൻ സൗകര്യം ചെയ്യാമെന്നുപറഞ്ഞ് 78000 രൂപ തട്ടിയ കേസുമുണ്ട്. പല കേസുകളിലും ഇരകൾ പരാതി നൽകാത്തതിനാലാണ് ഇയാൾക്കെതിരെ കേസെടുക്കാത്തത്.
ഫറോക്ക് പൊലീസ് അസി. കമീഷണർ എം.എ. സിദ്ദീഖിന്റെ നിർദേശ പ്രകാരം പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ കെ.പി. മഹീഷ്, കെ.എ. ഷൈജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.