![മാല പൊട്ടിച്ച പ്രതികൾ പിടിയിൽ മാല പൊട്ടിച്ച പ്രതികൾ പിടിയിൽ](https://i0.wp.com/www.madhyamam.com/h-upload/2025/02/10/2502624-untitled-1.gif?fit=823%2C494&ssl=1)
മാവൂർ: പൈപ്പ് ലൈൻ റോഡിനടുത്ത് മൂത്തേടത്തുകുഴി റോഡിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടു പ്രതികളെ മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂർ കള്ളിവളപ്പിൽ ഷാനിഫ് (27), പാഴൂർ തോർക്കാളിൽ ഷമീർ (28) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ജനുവരി 27ന് വൈകീട്ടാണ് അയൽവീട്ടിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ട് യുവാക്കൾ വയോധികയെ തള്ളിയിട്ട് മാല പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. സംഭവസമയത്ത് പ്രദേശത്ത് വൈദ്യുതി നിലച്ചതിനാൽ സി.സി.ടി.വികൾ പരിശോധിച്ചുള്ള അന്വേഷണം പരാജയപ്പെട്ടിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾ സഞ്ചരിച്ചത് റോയൽ എൻഫീൽഡ് കമ്പനിയുടെ നീലയും വെള്ളയും കളറുള്ള ഹണ്ടർ മോട്ടോർ സൈക്കിളിലാണെന്ന് മനസ്സിലായി.
തുടർന്ന് പൊലീസ് കൊണ്ടോട്ടി, കൊടുവള്ളി, കോഴിക്കോട്, ആർ.ടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത ഹണ്ടർ മോട്ടോർ സൈക്കിളുകളുടെ ലിസ്റ്റ് ശേഖരിക്കുകയായിരുന്നു. അതിൽ മാവൂർ ഭാഗത്ത് വരാൻ സാധ്യതയുള്ള വാഹനത്തെകുറിച്ച് മനസ്സിലാക്കിയും ദൃശ്യങ്ങളിൽ കണ്ട മോട്ടോർ സൈക്കിളിന്റെ പ്രത്യേകതകൾ പരിശോധിച്ചും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നിർദേശപ്രകാരം മാവൂർ പെകാലീസ് ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. പ്രമോദ്, നിതീഷ്, ഷിബു, ദിലീപ്, ഷിനോജ്, റിജേഷ്, മുഹമ്മദ്, ലാലിജ്, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണറുടെ ക്രൈം സ്ക്വാഡിലെ സഹീർ പെരുമണ്ണ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ച് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.