വടകര: പരിസ്ഥിതി മലിനീകരണം കുറക്കാൻ പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെന്റ ഭാഗമായി വടകരയിൽ ഇലക്ട്രിക് റീ ചാർജ് സ്റ്റേഷനുകൾ സ്ഥാപിച്ചുതുടങ്ങി. മണ്ഡലത്തിൽ ഏഴു സ്ഥലങ്ങളിലാണ് റീ ചാർജ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
വടകര പുതിയ സ്റ്റാൻഡ്, കരിമ്പനപ്പാലം ജ്യോതി ഫ്യൂവൽ സ്റ്റേഷന് സമീപം, സാന്റ് ബാങ്ക്സ്, കോട്ടപറമ്പ്, മടപ്പള്ളി, കുഞ്ഞിപ്പള്ളി, കുന്നുമ്മക്കര എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറക്കാനും ഇന്ധനചെലവ് ലാഭിക്കുന്നതിനും തുടങ്ങിയ പോൾമൗണ്ട് പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് റീ ചാർജ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അഴിത്തല വാർഡിലെ സാന്റ്ബാങ്ക്സിൽ റീ ചാർജ് സ്റ്റേഷൻ സ്ഥാപിച്ചുകഴിഞ്ഞു. കണക്ഷൻ ഉൾപ്പെടെ നൽകേണ്ടതുണ്ട്. സ്കൂട്ടർ, കാർ, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രഷനിൽ വടകര ആർ. ടി.ഒ ഓഫിസിൽ വൻ വർധനയാണ് അടുത്ത കാലത്തുണ്ടായത്. ഇന്ധനവില കുത്തനെ ഉയരുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത വർധിക്കുകയാണ്. ചാർജിങ് സ്റ്റേഷൻ യാഥാർഥ്യമാവുന്നതോടെ മേഖലയിലെ വാഹനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.