കുന്ദമംഗലം: വയനാട് റോഡിൽ പടനിലം ഭാഗത്ത് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ ഹോട്ടൽമാലിന്യം. ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ച സ്ഥാപനം തിരിച്ചറിഞ്ഞെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ എം. രഞ്ജിത്ത് പറഞ്ഞു.
മാലിന്യ പരിശോധനയിൽ കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നുള്ള മാലിന്യമാണെന്ന് ബോധ്യപ്പെട്ടെന്നും അധികൃതർ പറഞ്ഞു. പൊതുസ്ഥലത്തു മാലിന്യം തള്ളിയതിന് 25,000 രൂപ പിഴയും മാലിന്യം സ്ഥാപനത്തിന്റെ ചെലവിൽ സംസ്കരിക്കുകയും ചെയ്തു.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എൻ. രജിത്കുമാർ, ടി.പി. സനൽകുമാർ, ഗ്രാമപഞ്ചായത്ത് ക്ലർക്കുമാരായ ടി. തേജസ്സ്, കെ.ടി. ബിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.