

കോഴിക്കോട്: വിവിധ ഭാഗങ്ങളിൽ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ടുപേരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടി.
കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ സനൽ കുമാർ (45) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന 31.70 ഗ്രാം എം.ഡി.എം.എയുമായാണ് ചെറുവറ്റകടവിൽനിന്ന് ഇവരെ പിടികൂടുന്നത്. പിടിയിലായ രണ്ടുപേരും കോഴിക്കോട്-ബംഗളൂരു ടൂറിസ്റ്റ് ബസിലെ നൈറ്റ് സർവിസ് ഡ്രൈവർമാരാണ്. ബംഗളൂരുവിൽനിന്ന് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും ലഹരി എത്തിച്ചുകൊടുക്കുന്ന ലഹരിസംഘത്തിലെ മുഖ്യ കണ്ണികളാണിവർ.
അനീഷിന് ഇരിട്ടി പൊലീസിൽ, കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ട്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എം. ഷിനോജ്, കെ.എം. മുഹമദ് മഷ്ഹൂർ, ചേവായൂർ സ്റ്റേഷനിലെ എസ്.ഐമാരായ രോഹിത്ത്, കോയ കുട്ടി, സി.പി.ഒമാരായ റിനേഷ്, സിൽജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.