

മാവൂർ: കോടതിയിൽ ഹാജരാകാതെ 12 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. മാവൂർ നായർകുഴി സ്വദേശി മാളികത്തടം കോളനിയിൽ പ്രശാന്തിനെയാണ് (39) മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബർ മാസം മാളികത്തടം കോളനിയിലെ യുവതിയുടെ കൈപിടിച്ച് തിരിച്ചതിന് മാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി അറസ്റ്റ് ഭയന്ന് വീട്ടിൽനിന്ന് കുടകിലേക്ക് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് വരാതെ കുടകിൽ എസ്റ്റേറ്റ് മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് മാവൂർ ഫീൽഡ് സ്റ്റാഫ് ജി.എസ്.ഐ സജീഷ് കുമാർ നൽകിയ വിവരമനുസരിച്ച് മാവൂർ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ പ്രമോദ്, ഷിബു, രജീഷ് എന്നിവർ ചേർന്ന് പ്രതിയെ ചാത്തമംഗലം രജിസ്റ്റർ ഓഫിസ് പരിസരത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.