
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ദാരുണമായി മരിച്ച പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന് (15) കണ്ണീർയാത്രാമൊഴി. മൃതദേഹം ചുങ്കം ടൗൺ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം താമരശ്ശേരി ചുങ്കം കെടവൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ശനിയാഴ്ച വൈകീട്ട് 3.15ഓടെയാണ് ഷഹബാസിന്റെ ചേതനയറ്റ ശരീരം പാലോറക്കുന്നിലെ തറവാട് വീട്ടിലെത്തിച്ചത്. കൂടിനിന്ന ജനസാഗരത്തിന്റെ കണ്ണുകൾ ചാലിട്ടൊഴുകി. ഉറ്റവരും സുഹൃത്തുക്കളും സഹപാഠികളും വാവിട്ടുകരഞ്ഞു. അധ്യാപകർ വിതുമ്പുന്നുണ്ടായിരുന്നു.
എളേറ്റിൽ വട്ടോളി എം.ജെ ഹൈസ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ചുങ്കം പാലോറക്കുന്ന് ഇഖ്ബാലിന്റെ മകനാണ്. റംസീനയാണ് ഷഹബാസിന്റെ മാതാവ്. സഹോദരങ്ങൾ: ഷമ്മാസ് (രണ്ടാം ക്ലാസ് വിദ്യാർഥി), മുഹമ്മദ് അയാൻ (യു.കെ.ജി), മുഹമ്മദ് യമിൻ.
കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയിൽ എളേറ്റിൽ എം.ജെ ഹൈസ്കൂൾ വിദ്യാർഥികളുടെ ഡാൻസ്, പാട്ട് നിലച്ച് തടസ്സപ്പെട്ടു. തുടർന്ന് താമരശ്ശേരി ഗവ. ഹൈസ്കൂളിലെ ചില കുട്ടികൾ കൂകിവിളിച്ചു. ഇത് രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. സംഭവം അധ്യാപകർ ഇടപെട്ട് ശാന്തമാക്കി വിദ്യാർഥികളെ പിരിച്ചുവിട്ടു. പിന്നീട് എം.ജെ ഹൈസ്കൂളിലെ വിദ്യാർഥികൾ വാട്സ്ആപ് ഗ്രൂപ് വഴി സംഘടിക്കുകയും താമരശ്ശേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളോട് താമരശ്ശേരി വെഴുപ്പൂർ റോഡിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം 10ലധികം കുട്ടികൾ എത്തിച്ചേർന്നതായും ഇവരും താമരശ്ശേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളും ഏറ്റുമുട്ടുകയായിരുവെന്നും പൊലീസ് പറഞ്ഞു. ഈ സംഘത്തിൽ ട്രിസ് ട്യൂഷൻ സെന്ററില് പഠിക്കാത്ത ഷഹബാസും ഉൾപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ കുട്ടി ഏഴുമണിക്ക് ശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. പലഹാരം വാങ്ങാൻ പറഞ്ഞയച്ചതായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ, ഷഹബാസിനെ മറ്റു വിദ്യാർഥികൾ വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സംഭവശേഷം ഷഹബാസിനെ കൂട്ടുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. അവശനായി കിടന്ന കുട്ടി പിന്നീട് ഛർദിക്കുകയും ബോധക്ഷയം അനുഭവപ്പെടുകയും ചെയ്തു. ഇതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ശനിയാഴ്ച പുലർച്ച 12.30ഓടെയായിരുന്നു അന്ത്യം.
അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം
സംഭവത്തിൽ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒബ്സർവേഷൻ ഹോമിൽ റിമാൻഡ് ചെയ്തു. സംസ്ഥാന ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്.
വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. ഷഹബാസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പിന്നീട് ശഹബാസിന്റെ ഫോണിലേക്ക് വിളിച്ച് കുറ്റാരോപിതനായ വിദ്യാർഥി നടത്തുന്ന കുറ്റസമ്മതവും പുറത്തുവന്നിട്ടുണ്ട്.
തലയോട്ടി തകർന്നുവെന്ന് പ്രാഥമിക നിഗമനം
മുഹമ്മദ് ഷഹബാസിന്റെ തലയോട്ടിക്കേറ്റ കനത്ത പ്രഹരമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാൽ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക നിഗമനം.