ബേപ്പൂർ: 30 വർഷങ്ങൾക്ക് മുമ്പ് ബി.സി റോഡ് ജങ്ഷന് സമീപം വാടക കെട്ടിടത്തിൽ സ്ഥാപിതമായ ടെലിഫോൺ എക്സ്ചേഞ്ച് മാസങ്ങളായി അടച്ചിട്ടിരിക്കയാണ്. നിലവിൽ ഇവിടെ നിന്ന് നൽകിയിരുന്ന സേവനങ്ങൾക്ക് മാനാഞ്ചിറക്ക് സമീപമുള്ള ഓഫിസിലോ, ഫറോക്ക് സബ് ഡിവിഷൻ ഓഫിസിലോ പോകേണ്ട ഗതികേടിലാണ് വരിക്കാർ. ആയിരത്തോളം ഉപഭോക്താക്കളാണ് നിലവിൽ ബേപ്പൂർ എക്സ്ചേഞ്ചിന് കീഴിലുള്ളത്.
ജീവനക്കാരിൽ പലരും വിരമിക്കുകയും സ്ഥലം മാറിപ്പോവുകയും ചെയ്തതോടെ, 24 മണിക്കൂറും നിയോഗിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരെയും മാറ്റി. മൂന്നുമാസം മുമ്പ് വരെ ജൂനിയർ എൻജിനീയർ ഉണ്ടായിരുന്നത് ഫറോക്ക് സബ് ഡിവിഷനിലേക്ക് സ്ഥലം മാറിപ്പോയി. രജിസ്റ്റർ ചെയ്യുന്ന പരാതികൾ ഭാഗികമായി പരിഹരിക്കുന്നത് കാഷ്വൽ തൊഴിലാളികളായ രണ്ടുപേർ മാത്രമാണ്.
ആയിരത്തോളം വരുന്ന വരിക്കാരുടെ പരാതികൾ പരിഹരിക്കാൻ ഇവർക്കാകുന്നില്ല. ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനമില്ലാതെ പൂർണമായും നിർത്തലാക്കുന്നതോടെ ലാൻഡ് ലൈൻ വരിക്കാർക്ക് ബി.എസ്.എൻ.എൽ സംവിധാനത്തിൽ തുടരുക പ്രയാസമായിരിക്കും.