മുക്കം: ഓട്ടോഗാരേജിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ മുക്കം പൊലീസിന്റെ പിടിയിലായി. പെരുമ്പടപ്പ് പാറയിൽ പ്രിൻസ് ക്രിസ്റ്റി (24), കൂടരഞ്ഞി മഞ്ഞളിയിൽ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടിന് കാതിയോട് അങ്ങാടിയിലെ ദിയ ഓട്ടോഗാരേജിൽനിന്ന് ലോറിയുടെ ഗിയർബോക്സും ഗിയർബോക്സ് കെയ്സുകളും ടൂൾസുകളും മോഷണംപോയിരുന്നു. മുക്കം സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഓട്ടോഗാരേജിൽ മോഷണം; രണ്ടുപേർ പിടിയിൽ
