കോഴിക്കോട്: രണ്ടുകിലോ കഞ്ചാവുമായി കുറ്റിക്കാട്ടൂരിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീംമുള്ളയെയാണ് (26) ഡാൻസാഫ് സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
കാസർകോട് സ്വദേശി താമസിച്ച കുറ്റിക്കാട്ടൂരിലെ മുറിയിൽനിന്ന് ഏഴുകിലോ കഞ്ചാവ് കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് ഈഭാഗത്തുനിന്ന് വീണ്ടും ലഹരി പിടികൂടുന്നത്. കുറ്റിക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തിയിരുന്നു.
ഇതിനിടെ ശനിയാഴ്ച രാത്രിയാണ് നജീംമുള്ള പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് വലിയപാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് വിൽപന നടത്തുന്നതിനാവശ്യമായ പാക്കറ്റുകളും മുറിയിൽനിന്ന് കണ്ടെടുത്തു. 500 രൂപ മുതൽ വില വരുന്ന പാക്കറ്റുകളാക്കിയാണ് വിൽപന. പ്രധാനമായും ഇതര സമസ്ഥാന തൊഴിലാളികളാണ് ഇയാളിൽനിന്ന് ലഹരി വാങ്ങിയിരുന്നത്. നിർമാണ മേഖലയിലെ തൊഴിലാളി എന്ന നിലയിലാണ് പ്രതി കുറ്റിക്കാട്ടൂരിൽ മുറിയെടുത്ത് താമസം തുടങ്ങിയത്. ഓരോ തവണയും നാട്ടിൽ പോയി മടങ്ങുമ്പോഴും കഞ്ചാവുമായാണ് ഇയാൾ വന്നതെന്നും പൊലീസ് പറഞ്ഞു.
മെഡിക്കൽ കോളജ് എസ്.ഐ സൈഫുള്ള, ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, മെഡിക്കൽ കോളജ് എസ്.ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ സരുൺ കുമാർ, എം.കെ. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, മുഹമ്മദ് മഷ്ഹൂർ, ബിജു ജയിംസ്, തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.