കോഴിക്കോട്: വേതന വർധനവ് നടപ്പിലാക്കാത്തത്തിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. അഡീഷനൽ ലേബർ കമീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ മാനേജ്‌മെന്റ്-തൊഴിലാളി പ്രതിനിധികളുമായി ലേബർ കമീഷണറേറ്റിൽ നടന്ന അനുരഞ്ജന യോഗത്തിൽ 2021 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ 16 ശതമാനം വേതന വർധനവ് അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
സേവന വേതന കരാറിന് അഞ്ചു വർഷത്തെ പ്രാബല്യമുണ്ടായിരിക്കും. യോഗത്തിൽ മിൽമ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മേഖല ചെയർമാൻമാരായ കെ.എസ് മണി, എം.ടി ജയൻ, മാനേജിങ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, തൊഴിലാളി സംഘടനാ പ്രതിനിധികളായ എൻ.പി വിദ്യാധരൻ (സി.ഐ.ടി.യു), അഡ്വ വി. മോഹൻദാസ് (എ.ഐ.ടി.യു.സി), ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി), ഡെപ്യൂട്ടി ലേബർ കമീഷണർ സിന്ധു എന്നിവർ പങ്കെടുത്തു.