കുറ്റ്യാടി: ടൗണിൽ മണിയൂർ സ്വദേശിയായ പ്രവാസി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് ബി.ജെ.പിക്കാർകൂടി അറസ്റ്റിൽ. കഴിഞ്ഞ 14ന് മണിയൂർ സ്വദേശി മുഹമ്മദിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത കേസിൽ യുവമോർച്ച ജില്ല സെക്രട്ടറി ദിപിൻ ബാലകൃഷ്ണൻ പേരാമ്പ്ര, ഷൈജു ഉത്രോത്ത് മീത്തൽ പേരാമ്പ്ര, ഘോഷിത്ത് വെള്ളിയൂർ എന്നിവരെയാണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. മൂവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ നേരത്തേ അറസ്റ്റിലായ നടുവണ്ണൂർ സ്വദേശി രൂപേഷും റിമാൻഡിലാണുള്ളത്.
ഈ മാസം ഏഴിന് കുറ്റ്യാടി ഗവ. ആശുപത്രിയിൽ ബി.ജെ.പി നടത്തിയ സത്യഗ്രഹസമര ദിവസം മുഹമ്മദും ബി.ജെ.പിക്കാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ മിഥിന്റെ പരാതി പ്രകാരം മുഹമ്മദിനെതിര പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പറഞ്ഞുതീർക്കാനെന്നോണം മുഹമ്മദിനെ കുറ്റ്യാടിയിൽ വിളിച്ചുവരുത്തി ചെറുപുഴ പാലത്തിന് സമീപം കാത്തുനിന്ന ബി.ജെ.പിക്കാർ കാറിൽനിന്ന് വലിച്ചിറക്കി ഇരുമ്പുവടിയടക്കം ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സാരമായി പരിക്കേറ്റ മുഹമ്മദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. കേസിൽ ഇനിയും മൂന്നുപേരെ പിടികിട്ടാനുണ്ടെന്ന് സി.ഐ പറഞ്ഞു.