മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിലാണ് 6.04 കോടിയോളം രൂപ ചെലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്. മാമ്പറ്റയിലെ രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ കോർട്ട്, ഗാലറി, ചേഞ്ചിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, എന്നിവ നിർമിക്കാനായിരുന്നു പദ്ധതി. നിർമാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് 100 മീറ്റർ സിന്തറ്റിക് ട്രാക്ക് കൂടി വേണമെന്നാവശ്യം ഉയർന്നത്. ഇതോടെ ഇതിന്റെ അനുമതിക്കായി കാത്തിരിക്കുകയാണിപ്പോൾ. നിലവിൽ 200 മീറ്റർ ട്രാക്കിന്റെ കോൺക്രീറ്റ് വർക്കുകളും ഡ്രെയിൻ വർക്കുകളും പൂർത്തിയായിക്കഴിഞ്ഞു. 100 മീറ്റർ ട്രാക്കിന്റെ അനുമതിക്കായി സ്പോർട്സ് ഡയറക്ടർക്ക് അപേക്ഷ നൽകുകയും അദ്ദേഹമത് എൻജിനീയറിങ് വിങ്ങിന് കൈമാറുകയും ചെയ്തു.
അപേക്ഷ ഇപ്പോൾ സ്പോർട്സ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുന്നിലാണുള്ളത്. ഇവിടെനിന്ന് അനുമതി ലഭിക്കുന്ന പക്ഷം പ്രവൃത്തി വീണ്ടും ആരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള 100 മീറ്റർ ട്രാക്ക് നിർമിക്കാൻ 135 മീറ്റർ സ്ഥലം ആവശ്യമായി വരും. എന്നാൽ സ്ഥലപരിമിതി പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിൽ എം.എൽ.എ ലിന്റോ ജോസഫ് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുമായി സംസാരിച്ച് സ്ഥലം ലഭിക്കുന്ന കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.
പുല്ലൂരാംപാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-17 ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിരുന്നു. എന്നാൽ സ്ഥല ലഭ്യത ഇല്ലാത്തതിനാലാൽ തിരുവമ്പാടിയിലേക്ക് മാറ്റി. മഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയം വെള്ളത്തിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് മാമ്പറ്റയിലേക്ക് മാറ്റിയത്.
കോഴിക്കോട് പട്ടണത്തിനു പുറത്തെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് മാമ്പറ്റയിൽ ഒരുങ്ങുന്നത്. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ടും. കായിക മാമാങ്കങ്ങൾക്കും ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. ദേശീയ അത് ലറ്റിക് മീറ്റ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കും പുതു തലമുറക്കും സ്റ്റേഡിയം പുത്തൻ ഉണർവാകും.
കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ മലയോരത്തിന്റെ കായിക മേഖലയുടെ തലസ്ഥാനമായി മുക്കം മാറും.
ഒട്ടേറെ ദേശീയ-അന്തർദേശീയ കായിക താരങ്ങൾ മലയോര മേഖലയിൽ നിന്ന് ഉയർന്നുവന്നെങ്കിലും നിലവാരമുള്ള പരിശീലനം നൽകാൻ കഴിയാതിരുന്നത് വലിയ പോരായ്മയായിരുന്നു. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ ജില്ലയിലുടനീളമുള്ള കുട്ടികൾക്ക് മികച്ച പരിശീലനത്തിനുള്ള അവസരമൊരുങ്ങും.