മുക്കം: മുക്കത്ത് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. മലപ്പുറം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസിന്റെ ഉടമകളും നിലമ്പൂർ സ്വദേശികളുമായ സന്തോഷ്, മുബഷിർ എന്നിവരാണ് മുങ്ങിയത്. മുക്കം സ്വദേശിയും വ്യാപാരിയുമായ ഇടപാടുകാരൻ നൽകിയ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ പതിനാല് ശാഖകളിൽ നിന്നായി 40 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. മുക്കം ശാഖയിൽ മാത്രം എണ്ണൂറോളം പേർ തട്ടിപ്പിനിരയായെന്നാണ് കണക്ക്.
ഇവരിൽ നാൽപ്പതോളം പേർ ഇതിനകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും
കൂടുതൽ പരാതികൾ ലഭിക്കുന്ന മുറക്ക് കൂടുതൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുക്കം പൊലീസ് അറിയിച്ചു. ചില്ലറ വ്യാപാരികളും സാധാരണക്കാരുമാണ് തട്ടിപ്പിനിരയായതിൽ ഭൂരിഭാഗവും. ചിട്ടി വിളിച്ചവർക്ക്, നിശ്ചിത ദിവസം കഴിഞ്ഞിട്ടും പണം ലഭിച്ചിരുന്നില്ല. തുടർന്ന്, ഇടപാടുകാർ മുക്കം ശാഖയിൽ തിരഞ്ഞെത്താൻ തുടങ്ങിയതോടെ ചെക്ക് നൽകി.
ചെക്കുമായി ബാങ്കിൽ പോയെങ്കിലും അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ലെന്ന് ഇടപാടുകാർ പറയുന്നു. ഇതിനിടെയാണ്, കഴിഞ്ഞ തിങ്കളാഴ്ച പതിനാല് ശാഖകളും അടച്ചു പൂട്ടി ഉടമകൾ മുങ്ങിയത്. ഉടമകൾക്കെതിരെ മുക്കം ശാഖയിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്.
ഇടപാടുകാരെ ചിട്ടി പണം നൽകാതെയും ജീവനക്കാരെ ശമ്പളം നൽകാതെയും വഞ്ചിച്ചെന്ന് കാണിച്ചാണ് ജീവനക്കാർ പരാതി നൽകിയിട്ടുള്ളത്.
വ്യാപാരികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.