വടകര: പുതിയ ബസ് സ്റ്റാൻഡിനുസമീപത്തെ അടച്ചിട്ട കടക്കുള്ളിൽ മധ്യവയസ്കനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. വടകര സിദ്ധാശ്രമത്തിന് സമീപം കിണറുള്ള പറമ്പത്ത് രാജനെയാണ് (56) തിരുവള്ളൂർ റോഡിലെ ബി.ഒ.ടി കെട്ടിടത്തിന് മുൻവശത്തായി അടച്ചിട്ട കാവേരി ഹോട്ടലിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കടക്കുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ കച്ചവടക്കാരും നാട്ടുകാരും വടകര അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന രാജനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.