താമരശ്ശേരി: ചെക്ക്പോസ്റ്റിന് സമീപത്തുള്ള മലബാർ പ്രൊഡ്യൂസേഴ്സ് കമ്പനി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനായി വാടകക്ക് നൽകിയ സ്ഥലത്ത് ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോട് മീനംകുളത്ത്ചാൽ റോഷൻ ജേക്കബ് ഉമ്മൻ (38), അമ്പായത്തോട് മലയിൽ പി. ഷഫീഖ് (36) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ട ആളുമാണ് റോഷൻ. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ മലബാർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഗ്രൗണ്ടിന്റെ പ്രധാന ഗേറ്റ് പൂട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. പതിനായിരം രൂപ തന്നാൽ മാത്രമേ ഗ്രാൗണ്ടിന്റെ ഗേറ്റ് തുറക്കുകയുള്ളൂ എന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
ഗ്രൗണ്ട് 20 വർഷത്തേക്ക് വാടകക്കെടുത്ത ഇൻ ഡ്രൈവ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർ അഭിലാഷിന്റെ പരാതിയെത്തുടർന്നാണ് പ്രതികൾ പിടിയിലായത്.