കുന്ദമംഗലം: ചാത്തമംഗലത്ത് അന്തർ സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സോണൽ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിന്റെ ലാർവകൾ ശേഖരിച്ചു. മലമ്പനി പരത്തുന്ന കൊതുകുള്ളതായി പഠനത്തിൽ കണ്ടെത്തി. സോണൽ എന്റെമോളജി യൂനിറ്റിലെ പി.എസ്. അനുശ്രീ, എം.കെ. രമ്യ, എൻ.ഐ.ടി ക്ലിനിക്കിലെ ഡോ. ആര്യ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ കെ.പി. ഹക്കിം, എം. സുധീർ, കെ. സുധ, എൻ.കെ. നവ്യ എന്നിവർ നേതൃത്വം നൽകി. രോഗബാധയുണ്ടായ ഇടങ്ങളിൽ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.