വടകര: സി.പി.എം ഒഞ്ചിയം മുൻ ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും വിദ്യാർഥി- യുവജന നേതാവുമായിരുന്ന ഇ.എം. ദയാനന്ദൻ (71) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കല്ലാമലയിലെ സരയൂ വീട്ടുവളപ്പിൽ. അർബുദരോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാദാപുരം റോഡ് എ.കെ.ജി മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ജില്ല സെക്രട്ടേറിയറ്റംഗം സി. ഭാസ്കരൻ, ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് തുടങ്ങിയവർ പതാക പുതപ്പിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചിറയിൽപീടിക നവോദയ ഗ്രന്ഥാലയ പരിസരത്തും പൊതുദർശനത്തിന് വെച്ചു. പിന്നീട് മൃതദേഹം കല്ലാമലയിലെ സരയൂ വീട്ടിലെത്തിച്ചു. കെ.എസ്.വൈ.എഫിന്റെ ജില്ല ജോ. സെക്രട്ടറി, കെ.എസ്.വൈ.എഫ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ്, എൽ.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ, കർഷക സംഘം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു ദശകക്കാലം സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. അഞ്ചു വർഷം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു. ചിറയിൽപീടിക നവോദയം വായനശാലയുടെ പ്രസിഡന്റാണ്.
പിതാവ്: പരേതനായ ഇ.എം. നാണു മാസ്റ്റർ. മാതാവ്: സാവിത്രി. ഭാര്യ: സീത (റിട്ട. റൂറൽ ബാങ്ക് വടകര). സഹോദരങ്ങൾ: രത്ന രാജ്, പത്മരാജ് (റിട്ട. വാട്ടർ അതോറിറ്റി), ബാൽറാം, രാജീവ്, ഷീന (ഐ.സി.ഐ.സി.ഐ), ഇ.എം. ഷാജി (നാട്ടുകലാകാര കൂട്ടം), നീരുപ് കുമാർ (ദുബൈ).
സ്പീക്കർ എ.എൻ. ഷംസീർ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹൻ, കെ. മുരളീധരൻ എം.പി, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, മുൻ മന്ത്രി സി.കെ.നാണു, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.