കൊയിലാണ്ടി: പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ മാഹി സ്വദേശി അഭിജിത് (28) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രണയനൈരാശ്യമാണ് കാരണമെന്നു പറയുന്നു. തീകൊളുത്തുംമുമ്പ് പൊലീസും നാട്ടുകാരും ചേർന്നു തടഞ്ഞതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാസേനയുമെത്തിയിരുന്നു.
യുവാവ് 28കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ, യുവതി നാട്ടിലെ 40കാരനോടൊപ്പം ഏതാനും ദിവസം മുമ്പ് ഒളിച്ചോടി. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് ഏപ്രിൽ അഞ്ചിന് പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഏപ്രിൽ ഒമ്പതിന് എറണാകുളത്തെ ഹോസ്റ്റലിൽ പൊലീസും ബന്ധുക്കളും ചേർന്ന് കണ്ടെത്തി.
10ന് പുലർച്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഈ സംഭവമറിഞ്ഞാണ് മാഹി സ്വദേശി യുവാവ് സ്റ്റേഷനു മുന്നിലെത്തിയത്. രണ്ടു കുട്ടികളുടെ പിതാവാണ് 40കാരൻ. ആദ്യം വയനാട്ടിലേക്കാണ് യുവതിയെ കൊണ്ടുപോയത്. പിന്നീട് കൊച്ചിയിലെത്തി. അവിടെ ഹോസ്റ്റലിലാക്കി. വിഷുവിന് വിവാഹം കഴിക്കാമെന്നു പറഞ്ഞശേഷം പോവുകയും ചെയ്തു.
ആത്മഹത്യ ശ്രമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. അഭിജിത്തിനെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു.