കൊയിലാണ്ടി: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തുന്ന സംഘത്തെ കൊയിലാണ്ടി പൊലീസ് പിടികൂടി. കോഴിക്കോട് കൂത്താളി ആയിഷ മൻസിൽ അബ്ദുൽ മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് പിടിയിലായത്. വ്യാഴാഴ്ച നടുവിലെക്കണ്ടി ഫിനാൻസിൽ സമാനമായ രീതിയിൽ തട്ടിപ്പുനടത്തുന്നതിനിടയിലാണ് കൊയിലാണ്ടി പൊലീസിന് കിട്ടിയ രഹസ്യവിവരത്തെതുടർന്ന് സി.ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ് കുമാർ, ദിലീപ്, സിനുരാജ്, ദിവ്യ എന്നിവർ ഇവരെ പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാനരീതിയിൽ കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിൽ 5 സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.