പന്തീരാങ്കാവ്: വാഹനമിടപാട് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞത് സംഘർഷത്തിനിടയാക്കി. സംഘർഷത്തിനിടെ പ്രതി കടന്നുകളഞ്ഞു. പന്തീരാങ്കാവ് പൂളേങ്കരയിലാണ് വ്യാഴാഴ്ച രാത്രി പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.
പൂളേങ്കര സ്വദേശിയായ ശിഹാബ് സഹീറിനെ അറസ്റ്റ് ചെയ്യാനെത്തിയ എറണാകുളം ചേർപ്പ് പൊലീസിനെ നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിന്റെ തുടക്കം. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘത്തിൽ മഫ്തിയിലുള്ള പൊലീസിനെ കൂടാതെ പരാതിക്കാരും ഉണ്ടായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകാതെ കാറിലെത്തിയ സംഘം യുവാവിനെ ബലമായി കൊണ്ടുപോവാൻ ശ്രമിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. പന്തീരാങ്കാവ് പൊലീസ് ലാത്തിചാർജ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്.
ഇതിനിടയിൽ പ്രതി ശിഹാബ് കടന്നുകളയുകയായിരുന്നു. ലാത്തിചാർജിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ എറണാകുളത്ത് നിന്നെത്തിയ പൊലീസ് സംഘത്തിനും പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ തകർക്കപ്പെട്ടിട്ടുണ്ട്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിനൊപ്പമുള്ള വാഹനത്തിൽ മാരകായുധങ്ങളുണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു.