കൊയിലാണ്ടി: കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതോടെ വിനോദസഞ്ചാരത്തിന് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കാറ്റാടിമരങ്ങളും തെങ്ങുമാണ് വീണത്. കോഴിക്കോട് ഡി.ടി.പി.സി അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായത്. 12ഓളം വന്‍ കാറ്റാടി മരങ്ങളും തെങ്ങുമാണ് മുറിഞ്ഞുവീണത്. പാര്‍ക്കിനകത്തു പ്രവര്‍ത്തിക്കുന്ന കഫ്റ്റീരിയയുടെ റൂഫും സീലിങ്ങും തകര്‍ന്നു. കവാടത്തിനോട് ചേര്‍ന്നുള്ള കോമ്പൗണ്ട് മതിലും തകര്‍ന്നിട്ടുണ്ട് കുട്ടികളുടെ പാര്‍ക്കിലെയും ഓപണ്‍ ജിമ്മിലെയും ഉപകരണങ്ങള്‍, റേഞ്ച് ഷട്ടറിന്റെ മേല്‍ക്കൂര, പാര്‍ക്കിനകത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍ക്കും സി.സി.ടി.വി കാമറ സംവിധാനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.
നാശനഷ്ടം കണക്കാക്കി വരുന്നതായി അധികൃതർ പറഞ്ഞു. വീണ മരങ്ങള്‍ നീക്കംചെയ്യൽ ആരംഭിച്ചതായും ജില്ല കലക്ടറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ക്ക് രണ്ടുദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ. അശ്വിന് പറഞ്ഞു.