കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളിലും രണ്ടാം പ്രതി എം.എസ്. മാത്യു നൽകിയ ജാമ്യ ഹരജികൾ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ തള്ളി. കേസിൽ ഒരു കൊല്ലം മുമ്പ് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതി റിമാൻഡിൽ കഴിയുകയാണ്. ആ സാഹചര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവരുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരേ സ്വഭാവമുള്ള അഞ്ചു കേസിലും മാത്യു കുറ്റക്കാരനാണ്. സാക്ഷികൾ പലരും പ്രതിയുടെ നാട്ടുകാരും ബന്ധുക്കളുമാണ്. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അഞ്ച് കേസുകളിൽ പ്രതിയായയാൾ ജുഡീഷ്യൽ കസ്റ്റഡിയിലല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻവരെ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളുമ്പോഴുള്ള സാഹചര്യം ഇപ്പോഴില്ലെന്നും ഒരു കേസിൽ വിചാരണ ഏറക്കുറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിഭാഗം വാദം. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൊത്തം ആറുകേസുണ്ടെങ്കിലും അഞ്ച് കേസിലാണ് മാത്യുവിനെ പ്രതി ചേർത്തത്. ഒന്നാം പ്രതി ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തുവെന്നതാണ് പ്രതിക്കെതിരായ കുറ്റം.
കൂട്ടക്കൊലയിൽപെട്ട അന്നമ്മ തോമസ് വധക്കേസിൽ ഒന്നാം പ്രതി സ്വന്തം നിലയിൽ ഡോഗ് കിൽ എന്ന വിഷം സംഘടിപ്പിച്ചുവെന്നാണ് കേസ്. രണ്ടാം പ്രതി ബോധിപ്പിച്ച വിടുതൽ ഹരജികൾ മാർച്ച് രണ്ടിന് കോടതി പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെൻററിയും ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെയും സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എം.എസ്. മാത്യു എന്ന ഷാജി ബോധിപ്പിച്ച ഹരജി 19 ന് വീണ്ടും പരിഗണിക്കും.