കക്കോടി: ആധാരമെഴുത്തുകാരുടെ ജില്ല സമ്മേളനം കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റി മാതൃക തീർക്കുന്നു. ഏഴുകോടിയോളം രൂപ ചെലവഴിച്ചു ആശുപത്രി കെട്ടിടം മനോഹരമാക്കിയെങ്കിലും റോഡിനോടു ചേർന്നുള്ള ഭാഗം മാസങ്ങളായി അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു.
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബേഴ്സ് അസോസിയേഷന്റെ (എ.കെ.ഡി.ഡബ്ല്യു ആൻഡ് എസ്.എ) ജില്ല സമ്മേളനം ഫെബ്രുവരി 17ന് പ്രിൻസ് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചതോടെ മറ്റ് സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി നാടിന് ഉപകാരപ്പെടുന്ന തിരുശേഷിപ്പുകൾ അവശേഷിപ്പിക്കണമെന്ന് സംഘടന തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയുടെ മുൻഭാഗം രോഗികൾക്കും നാട്ടുകാർക്കും ഉപകാരപ്പെടുംവിധം മാറ്റിയെടുക്കുകയായിരുന്നു.
ഇരിപ്പിടവും ഓപൺ ലൈബ്രറി സൗകര്യത്തോടെ മനോഹരമായ പാർക്കും ഒരുക്കിയാണ് പഞ്ചായത്തിന് കൈമാറുന്നത്. മൂന്നുലക്ഷത്തോളം രൂപയാണ് സംഘടന ചെലവഴിച്ചത്. ജില്ല സമ്മേളനങ്ങൾ മാലിന്യങ്ങളും പെറുതികേടുകളും ബാക്കിയാക്കുമ്പോഴാണ് നാടിന് ഏറെ ഉപകാരപ്പെടുന്ന സൗകര്യങ്ങളൊരുക്കി ആധാരമെഴുത്തുകാരുടെ ജില്ല സമ്മേളനം നടക്കുന്നത്.