കോഴിക്കോട്: ചെറിയ മാങ്കാവിൽ പുതുതായി നിർമിക്കുന്ന സ്ഥാപനത്തിന്റെ മുറിക്കകത്ത് സൂക്ഷിച്ച രണ്ട് ലക്ഷം രൂപയുടെ കോപ്പർ വയറും ഇരുമ്പു പൈപ്പും ചാനലുകളും മോഷ്ടിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. മൂന്ന് പ്രതികളിൽ പ്രധാനിയായ മാങ്കാവ് കുറുങ്ങരത്ത് കൈമൾ എന്ന അജ്മലിനെ (28) നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കസബ പൊലീസും ചേർന്നാണ് പിടികൂടിയത്. കസബ സ്റ്റേഷനിൽ മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മറ്റ് പ്രതികളായ ഇരിങ്ങൽ സ്വദേശി രേവന്ദ്, ഗോവിന്ദപുരം സ്വദേശി കാർത്തിക്ക് എന്നിവർ രണ്ടാഴ്ച മുമ്പ് പിടിയിലായിരുന്നു. പല സ്ഥലങ്ങളിലായി ഇവർ ഒളിച്ച് താമസിക്കുകയായിരുന്നുവെന്നും ലഹരി മരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, കസബ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ, എസ്.ഐ ഇ.കെ. ഷാജി, രാജീവ് കുമാർ പാലത്ത്, സുനിൽകുമാർ, സജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.