ബാലുശ്ശേരി: ബദൽ യാത്രാസൗകര്യമൊരുക്കാതെയുള്ള റോഡ് നവീകരണ പ്രവൃത്തി നാട്ടുകാർക്ക് ദുരിതമാകുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി നടക്കുന്ന പാലോളിമുക്ക്-വാകയാട് ഹൈസ്കൂൾ ജങ്ഷൻ റോഡ് നവീകരണ പ്രവൃത്തിയാണ് പാലോളിമുക്ക് പ്രദേശത്തെ നാട്ടുകാരുടെ യാത്രാസൗകര്യം പൂർണമായും സ്തംഭിപ്പിച്ചത്.
ബദൽ സംവിധാനമൊരുക്കാതെ റോഡിന്റെ ഓവുചാൽ കലുങ്ക് നിർമാണത്തിനായി നിലവിലെ റോഡ് പൂർണമായും മുറിച്ച് മണ്ണ് നീക്കി. ബദൽ സംവിധാനമൊരുക്കാൻ സ്ഥലസൗകര്യമില്ലെന്നാണ് കരാറുകാർ പറയുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
നിരവധി യാത്രക്കാർ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന റോഡാണിത്. ഒരാൾക്ക് നടന്നുപോകാൻ പാകത്തിൽ മാത്രമാണ് സൗകര്യമൊരുക്കിയത്. ഇതാകട്ടെ യാത്രക്കാരെ അപകടത്തിൽപെടുത്തുന്ന വിധവുമാണ്. കലുങ്കിന്റെ കോൺക്രീറ്റ് പണി കഴിയാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്.
ബദൽസംവിധാനം ഒരുക്കാത്തതിനാൽ നാട്ടുകാർക്ക് ബാലുശ്ശേരി, കൂട്ടാലിട, നടുവണ്ണൂർ, വാകയാട് പ്രദേശങ്ങളുമായി ബന്ധപ്പെടാൻ ഏറെ ചുറ്റിക്കറങ്ങണം. അത്യാസന്നമാകുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാനും ഏറെ പ്രയാസപ്പെടേണ്ടിവരുന്നു. 3.68 കോടിയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.