
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽനിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറിൽ കാർത്തികിനെയാണ്(30) റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ബാങ്ക് വടകര ശാഖാ മാനേജറായിരുന്ന മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാർത്തികിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
മഹാരാഷ്ട്ര ബാങ്കിൽ പണയം വെച്ച 26.24420 കിലോഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണം കാർത്തികിന്റെ സഹായത്തോടെ മധ ജയകുമാർ തമിഴ്നാട്ടിലെ ബാങ്ക് ഓഫ് സിംഗപ്പൂർ, കത്തോലിക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ശാഖകളിൽ പണയംവെച്ചിരുന്നു. പലരുടേയും പേരിൽ പണയംവെച്ച പണം മധ ജയകുമാറിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഡിജിറ്റൽ ട്രാൻസ്ഫർ വിവരങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് മാസങ്ങൾക്കുശേഷം പ്രതി വലയിലായത്. നഷ്ടപ്പെട്ട 15.850 കിലോയോളം സ്വർണ്ണം പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ബാക്കി സ്വർണം കണ്ടെത്താനാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തിരുപ്പൂരിലേക്ക് കൊണ്ടുപോയത്.