താമരശ്ശേരി: എറണാകുളം കളമശ്ശേരിയിലെ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) കാമ്പസിൽ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞ താമരശ്ശേരി വയലപ്പള്ളില്‍ തോമസ് സ്കറിയ-കൊച്ചുറാണി ദമ്പതികളുടെ മകള്‍ സാറ തോമസിന്റെ (19) വിയോഗത്തിലൂടെ നാടിന് നഷ്ടമായത് വിദ്യാർഥി പ്രതിഭയെ. താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂര്‍വ വിദ്യാഥിയായ സാറ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വേറിട്ട കഴിവുകളുള്ള പ്രതിഭയായിരുന്നു. നൃത്തം, ചിത്രകല, പ്രസംഗം എന്നിവയിലെല്ലാം സാറ കഴിവുതെളിയിച്ചിരുന്നതായി അധ്യാപകൻ കെ.വി. സെബാസ്റ്റ്യൻ പറഞ്ഞു.
സ്കൂളിലെ ആഘോഷ പരിപാടികളിലെല്ലാം നിറഞ്ഞുനിന്ന സാറ നേതൃപാടവമുള്ള വിദ്യാർഥിയായിരുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ അല്‍ഫോന്‍സ സ്കൂളിലെ മികച്ച വിദ്യാർഥികളിലൊരാളായിരുന്ന സാറ 2022 ല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി കുസാറ്റില്‍ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ പൂജാ അവധിക്കാണ് അവസാനമായി വീട്ടിലെത്തിയത്. ഈ അവസരത്തിലും താന്‍ പഠിച്ച സ്കൂളിലും സഹപാഠികളുടെ വീടുകളിലുമെത്തി സ്നേഹം പങ്കിടാന്‍ സാറ സമയം കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം മൂന്നരക്ക് സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരം അവസാന നോക്കുകാണാന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളും സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. രാത്രി ഏഴരയോടെ താമരശ്ശേരി തുവ്വക്കുന്നിലെ വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 10.30ന് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
എം.കെ. രാഘവന് എം.പി, എം.എല്‍.എമാരായ ലിന്റോ ജോസഫ്, ഡോ.എം.കെ. മുനീര്‍, കെ.എം. സച്ചിന്‍ദേവ്, താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. അബ്രാഹാം വയലില്‍, അല്‍ഫോന്‍സ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജില്‍സണ്‍ ജോസഫ് തയ്യില്‍, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്, വൈസ് പ്രസിഡന്റ് സൗദാബീവി, ഗിരീഷ് ജോണ്‍, എ.പി. സജിത്ത്, എ.പി. മുസ്തഫ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.