വടകര: ഒഞ്ചിയം നെല്ലാച്ചേരിയിൽ രണ്ടു യുവാക്കളുടെ മരണം നാടിനെ നടുക്കി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് യുവാക്കളെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങൾ യുവാക്കളെ ലക്ഷ്യമിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ലഹരി മാഫിയക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ ഉണ്ടാവാത്തത് ദുരന്തത്തിലേക്ക് വഴി തെളിക്കുകയാണുണ്ടായത്.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് തൊട്ടടുത്ത പ്രദേശമായ ആദിയൂരിൽ ബസ് സ്റ്റോപ്പിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നിട്ടില്ല. വടകര കൈനാട്ടി റെയിൽവേ മേൽപാലത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലഹരി മാഫിയകളുടെ കൈകളാണെന്ന് വെളിപ്പെട്ടിരുന്നു.
അമിത ലഹരിയിലായിരുന്ന യുവാവിനെ ചികിത്സ ലഭ്യമാക്കാതെ മേൽപാലത്തിന് സമീപം തള്ളി കൂടെയുണ്ടായിരുന്നവർ കടന്നുകളഞ്ഞതാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്. ഒഞ്ചിയം നെല്ലാച്ചേരി ഭാഗത്തുനിന്ന് ലഹരി ഉപയോഗിച്ച യുവാവാണ് മരണത്തിന് കീഴടങ്ങിയതെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചെങ്കിലും ലഹരി മാഫിയയെ മുളയിലേ നുള്ളാൻ നടപടികളുണ്ടായില്ല.
മരിച്ച രൺദീപിന്റെ കീശയിൽ നിന്നും പൊലീസിന് വെളുത്ത പൊടി ലഭിച്ചിട്ടുണ്ട്. ബ്രൗൺ ഷുഗറാണെന്ന നിഗമനത്തിലാണ് പൊലീസ്. പൊടി വിദഗ്ധ പരിശോധനക്ക് അയക്കും. മരിച്ച യുവാക്കൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഗ്രാമപ്രദേശമടക്കം ലഹരി സംഘങ്ങളുടെ വലയിലകപ്പെട്ടതായാണ് യുവാക്കളുടെ മരണം നൽകുന്ന സൂചന. യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിവിധ സ്ഥലങ്ങളിലുള്ള അപരിചിതർ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, പൊലീസിൽ വിവരം നൽകിയിട്ടും മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്.