കൊയിലാണ്ടി: പേപ്പട്ടി കടിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലെ കുതിര ചത്തു. തുവ്വപ്പാറയിൽ സവാരി നടത്തിയിരുന്ന കുതിരക്ക് പേവിഷബാധയേറ്റെന്ന സംശയം രൂപപ്പെട്ടിരുന്നു. തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക്പോസ്റ്റ്മോർട്ടത്തിന് അയച്ചു. കഴിഞ്ഞദിവസം കുതിരയുടെ സ്രവം പരിശോധനക്കയച്ചിരുന്നു. തലച്ചോറിലെ വിശദ പരിശോധനക്കുശേഷമേ പേബാധയാണോയെന്ന കാര്യം ഉറപ്പാക്കാൻ കഴിയൂ. ആഗസ്റ്റ് 18നാണ് സംഭവം. കുതിരയുടെ തലക്കാണ് കടിയേറ്റത്. ചികിത്സ തുടരവേ രണ്ടു ദിവസം മുമ്പ് കുതിര കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്ന് ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ജിതേന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ ജോയ്, ജില്ല എപ്പിഡമോളജിസ്റ്റ് ബിജിലി ഭാസ്കർ, വെറ്ററിനറി ഡോക്ടർമാരായ അരുൺ, സുനിൽകുമാർ, ഷിനോജ് എന്നിവർ സ്ഥലത്തെത്തി തുടർചികിത്സക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് കുതിര ചത്തത്.
വിവരമറിഞ്ഞയുടൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധികൃതരെത്തി. തിരുവങ്ങൂർ ആരോഗ്യകേന്ദ്രത്തിൽനിന്ന് എച്ച്.ഐ സജീഷ്, ജൂനിയർ ഹെൽത്ത് നഴ്സ് ജോഷിത, ആശാ പ്രവർത്തകർ എന്നിവരെത്തി പ്രാഥമിക പ്രവർത്തനങ്ങൾ നടത്തി. വിനോദസഞ്ചാരകേന്ദ്രത്തിൽ കുതിരസവാരി നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പറഞ്ഞു. പേപ്പട്ടി കടിച്ച സംഭവം അറിഞ്ഞ ഉടൻ സവാരി നിർത്തിവെക്കണമെന്ന് പഞ്ചായത്തും പൊലീസും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തുടർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം, പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും സ്രവം കണ്ണൂരിലെ ലാബിൽ പരിശോധനക്ക് അയച്ചതായും വെറ്ററിനറി ഡോക്ടർ സുനിൽ അറിയിച്ചു. ഭ്രാന്തൻനായ് കടിച്ച വിവരം ലഭിച്ച ഉടനെ വേണ്ട നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സംഭവത്തിൽ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുതിരയുടെ വായിലോ മുഖത്തോ സ്പർശിച്ചവർ മുൻകരുതലെടുക്കണം. ശരീരത്തിൽ മുറിവുള്ള അടുത്തിടപഴകിയവരും ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം.