വടകര: യൂസേഴ്സ് ഫീസ് വിഷയത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു. ഓട്ടോകളുടെ യൂസേഴ്സ് ഫീസ് 300 രൂപയുണ്ടായിരുന്നത് 590 രൂപയാക്കി കഴിഞ്ഞ ദിവസം റെയിൽവേ വർധിപ്പിച്ചിരുന്നു. ഇതോടെ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽനിന്ന് സർവിസ് നടത്തുകയുമുണ്ടായി.
റോഡിൽനിന്ന് സർവിസ് നടത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച പൊലീസ് രംഗത്തെത്തി. വീതി കുറഞ്ഞ റോഡിൽനിന്ന് സർവിസ് നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ ഓട്ടോ ഡ്രൈവർമാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നീട് പൊലീസ് നിർദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷന് പുറത്തെ റോഡിൽനിന്നുള്ള സർവിസ് നിർത്തിവെച്ചു. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. ട്രെയിനിറങ്ങിവരുന്ന പ്രായമായവരടക്കമുള്ളവർ വാഹനം കിട്ടാതെ ദുരിതത്തിലായി. തലകറങ്ങി വീണ യാത്രക്കാരിയെ വാഹനം ലഭിക്കാത്തതിനാൽ ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വർധിപ്പിച്ച യൂസേഴ്സ് ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സീനിയർ കോമേഴ്സ് മേനേജർക്ക് സി.ഐ.ടി.യു നിവേദനം നൽകി. നേരത്തേ നൽകിയ പരാതിയിൽ തീരുമാനമുണ്ടായിരുന്നില്ല.
സമരവുമായി ബന്ധമില്ല -സംയുക്ത ട്രേഡ് യൂനിയൻ
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ നടത്തുന്ന ബഹിഷ്കരണ സമരവുമായി സംയുക്ത ട്രേഡ് യൂനിയന് ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. സമരത്തിന്റെ മറവിൽ ജീറ്റോ വണ്ടികളും വി.എം പെർമിറ്റില്ലാത്ത മറ്റു വണ്ടികളും ലൈസൻസ് സമ്പാദിച്ച് സർവിസ് നടത്തുകയാണെങ്കിൽ, അതിന് ബഹിഷ്കരണ സമരക്കാർ തന്നെ മറുപടി പറയേണ്ടിവരുമെന്നും സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു.
റെയിൽവേ സ്റ്റേഷൻ പാർക്കിങ് യൂസേഴ്സ് ഫീസ് വർധനയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ നടത്തുന്ന ബഹിഷ്കരണ സമരവുമായി ബന്ധമില്ലെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു അറിയിച്ചു. ഫീസ് ചുരുക്കാനോ, പിൻവലിപ്പിക്കാനോ ആവശ്യമായ സമ്മർദങ്ങൾ യൂനിയനുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.