ബാലുശ്ശേരി: വായ്പ കൊടുത്ത 500 രൂപ തിരിച്ചുചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കിനാലൂർ ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി.
കരുമല കുന്നുമ്മൽ ബബിജിത്ത് (41), കിനാലൂർ കൈതച്ചാലിൽ മനീഷ് (37), കരുമല പാറച്ചാലിൽ ശരത് ലാൽ (36) എന്നിവരെയാണ് പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിൽ നെഞ്ചിനും വയറിനും കുത്തേറ്റ സജിത്, ഷിജാദ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കിനാലൂർ വ്യവസായ വികസന കേന്ദ്രം സ്ഥലത്തെ ഒഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ അനധികൃത മദ്യവിൽപനയും മദ്യപാനവും തകൃതിയാണ്. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നതായും പരാതിയുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് രണ്ട് ബാഗ് നിറച്ച് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിലായിരുന്നു. നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചെങ്കിലും പുകയില പിടിച്ചെടുത്ത് ഇയാളെ വെറുതെ വിടുകയായിരുന്നു.
വ്യവസായ വികസനകേന്ദ്രത്തിൽ വിവിധ സ്ഥാപനങ്ങളിലായി നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. ഇവരെ ലക്ഷ്യംവെച്ചാണ് നാട്ടിൽ തന്നെയുള്ള ലഹരി സംഘങ്ങൾ വിലസുന്നത്. കിനാലൂർ ഏഴുകണ്ടിയിൽ രാത്രി 10ന് ശേഷം കച്ചവടസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് നിർദേശം നൽകിയിട്ടുണ്ട്. ഏഴുകണ്ടിയിലെ ചില കടകളിൽ രാത്രി ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു ഈ നിർദേശം. രാത്രി 10ന് കടകൾ നിർബന്ധമായി അടക്കണമെന്നും വ്യാപാരി വ്യവസായി സമിതി വീണ്ടും നിർദേശം നൽകി.