പേരാമ്പ്ര: പെട്രോൾ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയതിനെ ചൊല്ലി ബി.ജെ.പി മണ്ഡലം നേതൃയോഗം ആർ.എസ്.എസ് കൈയ്യേറിയ സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങി. ബി.ജെ.പി പേരാമ്പ്ര മണ്ഡലം ഭാരവാഹികൾ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആർ.എസ്.എസ് ആരോപണം. ഇതിൽ നിന്നും രക്ഷപ്പെടാൻ ആരോപണ വിധേയരായവർക്കെതിരെ അച്ചടക്ക നടപടിക്കാണ് പാർട്ടി നീക്കം.
ആരോപണ വിധേയരെ പുറത്താക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. സംഘ് പരിവാർ അനുഭാവിയായ പാലേരി സ്വദേശി പ്രജീഷിന്റെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽ നിന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറി ശ്രീധരൻ മുതുവണ്ണാച്ച പണം വാങ്ങി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. മറ്റൊരു ഭാരവാഹി ശ്രീജിത്തും പല തവണയായി 1,10,000 രൂപ വാങ്ങിയെന്നാണ് പ്രജീഷിന്റെ ആരോപണം.
പ്രജീഷ് കല്ലോട് മൂരികുത്തിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രവൃത്തി അനുവദിക്കണമെങ്കിൽ കൊടുത്ത പണത്തിനു പുറമെ 1.5 ലക്ഷം കൂടി നൽകണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടെന്നാണ് പ്രജീഷ് പറയുന്നത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അതേസമയം, കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് പറയുന്നത്. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്നും സത്യം പുറത്ത് വരുമെന്നും രജീഷ് വാർത്താക്കുറിപ്പിൽ പറഞ്ഞു.