ഫറോക്ക്: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാൻ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡും തകർന്നു. കോടമ്പുഴ-പള്ളിത്താഴം -മഠത്തിൽ താഴം റോഡിന്റെ പ്രവേശനഭാഗത്ത് ചീക്കോട് കുടിവെള്ളപദ്ധതിയുടെ മെയിൻ പൈപ്പ് പൊട്ടിയും വാൾവ് തകരാറായുമാണ് കുടിവെള്ളം പാഴാവുന്നത്.
കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാർ നിരന്തരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വെള്ളം കുത്തിയൊലിച്ച് റോഡ് തകർന്നത് യാത്രക്കാർക്ക് വിനയാവുന്നു. പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തുതന്നെയാണ് ഇത്തരത്തിൽ റോഡ് തകർന്നത്. ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ അപകടാവസ്ഥ നിലനിൽക്കുന്നുണ്ട്.