കുറ്റ്യാടി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയിൽ ചെറിയകുമ്പളത്ത് ലക്ഷങ്ങൾ മുടക്കി ഓവുചാലുകൾ നിർമിച്ചിട്ടും റോഡിലെ വെള്ളക്കെട്ട് നീങ്ങുന്നില്ല. തടിമില്ലിന് സമീപം നിർമിച്ച ഓവുകൾ എങ്ങോട്ടും തുറക്കുന്നില്ലെന്നതാണ് കൗതുകം.
സമീപത്ത് പുഴയുണ്ടെങ്കിലും അവിടേക്കെത്താൻ സംവിധാനം ഒരുക്കിയിട്ടില്ല. ഏതാണ്ട് 10 മീറ്റർ നീളമുള്ള ഓവിൽ മഴവെള്ളം ഒഴുകിയിറങ്ങും. അത് നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലേക്ക് തിരിച്ചൊഴുകും. ശക്തമായ മഴയത്ത് പ്രളയ പ്രതീതിയാണ്. എന്നാൽ, മഴവെള്ളം ഒഴുകിയെത്താത്ത റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഓവ് പുഴയിലേക്ക് തുറക്കുന്നുമുണ്ട്.
വെളിച്ചെണ്ണ മില്ലിന് സമീപവും ഓവുചാലും ഓവുപാലവും നിർമിച്ചിട്ടുണ്ടെങ്കിലും വെള്ളം ഓവിലേക്ക് ഒഴുകാതെ റോഡിൽ തളംകെട്ടി നിൽക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നേരത്തേ തടിമില്ലിന് സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.