വടകര: താലൂക്കിൽ അനർഹ റേഷൻ കാർഡുകൾ കൈവശം വെക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഓപറേഷൻ യെല്ലോക്ക് തുടക്കം കുറിച്ചു. പരിശോധനയിൽ അനർഹമായി റേഷൻ കൈപ്പറ്റുന്ന നാലു റേഷൻ കാർഡുകൾ അധികൃതർ കണ്ടെത്തി. മുൻഗണന കാർഡുകൾ മൂന്നും, എ.എ.വൈ വിഭാഗത്തിൽപ്പെട്ട ഒരു കാർഡുമാണ് പിടിച്ചെടുത്തത്.
അനർഹമായ കാർഡ് കൈവശം വെച്ചവർ രണ്ടു ദിവസത്തിനകം പിഴയടച്ച് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള നോട്ടീസും നിർദേശവും സിവിൽ സപ്ലൈസ് നൽകി. കരിമ്പന പാലം, കളരിയുള്ളതിൽ ക്ഷേത്രം, ജനത റോഡ് എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വ്യാഴാഴ്ച അനർഹ കാർഡുകൾ കണ്ടെത്താൻ പരിശോധന നടത്തിയത്.
അനർഹ കാർഡുകൾ കൈവശംവെച്ചിരിക്കുന്നവർ കൂടുതൽ നിയമ നടപടികൾ ഒഴിവാക്കാനായി കാർഡുകൾ രണ്ടു ദിവസത്തിനകം ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
വീടുകൾ സന്ദർശിച്ചുള്ള പരിശോധനകൾ വരുംദിവസങ്ങളിലും തുടരും. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീധരൻ, ജി.എസ്. ബിനി ഉദ്യോഗസ്ഥൻ കെ.പി. ശ്രീജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.